കൊല്ലം: ഓണം ഒരുമയുടെ ഉത്സവമാണെന്നും ബെൻസിഗർ ആശുപത്രി കഴിഞ്ഞ 79 വർഷക്കാലമായി എല്ലാവരോടും ഒപ്പം ഉണ്ടെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി. ബിഷപ് ബെൻസിഗർ ആശുപത്രിയിൽ ഒപ്പമുണ്ട് എപ്പോഴും എന്ന ശീർഷകത്തോടെ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജാതി-മത വ്യത്യാസമില്ലാതെ മലയാളികൾ എല്ലാവരും ഒരുമയോടെ കൊണ്ടാടുന്ന ഓണാഘോഷം കേരള സമൂഹത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ ഊട്ടിയുറപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും ഓണക്കിറ്റ് എംപി വിതരണം ചെയ്തു.
ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ബിനു തോമസ് തുപ്പാശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ. ജോസ് ലാസർ, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന മേരി, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സിർള മേരി, നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോ-ഓർഡിനേറ്റർ ജേക്കബ് എസ്. മുണ്ടപ്പുളം തുടങ്ങിയവർ പ്രസംഗിച്ചു.